2022 നവംബർ 20 ന് ലോകകപ്പിന് പന്ത് ഉരുളുമ്പോൾ, ചരിത്രത്തിൽ അത് കായിക ലോകത്തിനു മുകളിൽ മുതലാളിത്ത ലാഭകൊതി പരിപൂർണ്ണ വിജയം നേടിയ മത്സരമായാവും വിലയിരുത്തപ്പെടുക. ആയിരത്തിൽ അധികം തൊഴിലാളികൾ ജീവൻ ബലി കൊടുത്തു കൊണ്ട് പണിത 12 പുതിയ സ്റ്റേഡിയങ്ങളിലാണ് 64 ലോകകപ്പ് മത്സരങ്ങൾ നടക്കുവാൻ പോകുന്നത്.
2021 ഫെബ്രുവരിയിലെ ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം 6751 തൊഴിലാളികൾ, മുഖ്യമായും ഇന്ത്യ നേപ്പാൾ ശ്രീലങ്ക പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വന്നവർ, പത്തുവർഷത്തിനിടയിൽ( ഖത്തറിന്റെ ലോകകപ്പ് അനുമതി ലഭിച്ചശേഷം) മരണപ്പെട്ടതായി പറയുന്നു. ഈ കണക്കുകളിൽ കെനിയ ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളിലെ തൊഴിലാളികളുടെ കണക്കില്ല. ഔദ്യോഗിക രേഖകളിൽ എല്ലാം തന്നെ മിക്കവാറും മരണങ്ങളും സ്വാഭാവിക കാരണങ്ങൾ എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഖത്തറിലെ ഭയാനകമായ മരണകണക്കുകൾ വെളിപ്പെട്ട ഔദ്യോഗികമായ വിവരങ്ങളുടെ നീളൻ വിസ്തൃതപത്രികയിലെ മരണകാരണ പട്ടിക: ഉയരത്തിൽ നിന്ന് വീണതിനാലുള്ള അനേകം മുറിവുകൾ, തൂങ്ങുന്നതിനാലുള്ള ശ്വാസം മുട്ടല്‍, അഴുകൽ കൊണ്ടുള്ള തീര്‍ച്ചപ്പെടുത്താത്ത മരണങ്ങൾ
'പക്ഷെ കാരണങ്ങളിൽ സുലഭമായ 'സ്വാഭാവിക മരണങ്ങൾ' മിക്കവരും ചേർക്കപ്പെട്ടതു ഹൃദയ, ശ്വസന തകരാറുകൾ എന്നാണ് ' ( ദി ഗാർഡിയൻ, 23 ഫെബ്രുവരി 2021)
ആഗസ്റ്റ് 2021 സർക്കാർ രേഖകളെ ഉദ്ധരിച്ചുകൊണ്ട് ആംനെസ്റ്റി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടിൽ 15000 വിദേശ പൗരന്മാരുടെ മരണം 2010 മുതൽ 2019 കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 70% കേസുകളിലും മരണകാരണം കണ്ടെത്തിയിട്ടില്ല. ഇസ്ലാമിക രാജ്യമായ ഖത്തറിൽ പോസ്റ്റ്മോർട്ടം നിരോധിച്ചതാണ്. മനുഷ്യാവകാശ സംഘടന നിരവധി ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ക്രൂരമായ തൊഴിൽ സാഹചര്യങ്ങൾ എങ്ങനെ അധിക മരണത്തിന് ഇടയാക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്നു. 30ഉം 40ഉം വയസ്സുള്ളവർ 12 മണിക്കൂർ ദൈർഘ്യമുള്ള ഷിഫ്റ്റുകൾ 40°C ചൂടിൽ പണിയെടുക്കുന്നതിനാൽ കുഴഞ്ഞു വീഴുകയും ബോധരഹിതരാവുകയും ചെയ്യുന്നത് പതിവാണ്. പല കേസുകളിലും ഏഴു ദിവസവും പണിയെടുക്കേണ്ടി വരും.
ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകളെ ഖത്തർ സർക്കാർ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. ഇതിൽ എത്ര മരണങ്ങൾ, ലോകകപ്പിനായി പണിതുയർത്തിയ സമുച്ചയങ്ങളുമായി നേരിട്ട് ബന്ധമുള്ളവയാണ് എന്നതു വ്യക്തമാക്കണം എന്നതിൽ ലോകമാകെ തർക്കം പൊട്ടിപുറപ്പെട്ടിട്ടുണ്ട്.
12 വർഷങ്ങൾക്കു മുമ്പ് കൈക്കൂലി ആരോപണങ്ങളുടെ നിഴലിൽ ഖത്തറിന് ലോകകപ്പ് വേദി സമ്മാനിച്ച ഫിഫയും ഖത്തർ സർക്കാറും ഈ വിഷയത്തെ വിലകുറച്ചു കാണുകയാണ്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും തോറും സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗ വൈരുദ്ധ്യം തെളിവെള്ളം പോലെ വ്യക്തമാവുകയാണ്. ആ ചിത്രം ആകട്ടെ സമ്പന്നമായ ചെറു ഉപരിമധ്യവർഗ്ഗവും അതിനുമുകളിൽ അതിസമ്പന്നതയുടെ ഒരു ന്യൂനപക്ഷ വർഗ്ഗവും, തൊഴിലാളി വർഗ്ഗത്തെ യാതൊരു അവകാശവും ഇല്ലാതാക്കി തീർക്കുകയും അതിക്രൂരമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമൂഹ്യ യാഥാർത്ഥ്യത്തിന്റേതാണ്. ഈ യാഥാർത്ഥ്യത്തിൽ ഒരു മനുഷ്യ ജീവന്റെ വില വളരെ വളരെ തുച്ഛവുമാണ്.
ഈ ചിത്രം എല്ലാ മുതലാളിത്ത സമൂഹത്തിന്റെയും പ്രതിബിംബമാണ് എന്നതാണ് ഈ വിഷയത്തെ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്ക് അടിസ്ഥാനം. ഫുട്ബോൾ എന്ന കായിക വിനോദത്തിനോടുള്ള അഭിനിവേശം, രാഷ്ട്രീയത്തിൽ നിന്നും വേർതിരിച്ചു നിർത്തുവാൻ സാധ്യമല്ല എന്ന തിരിച്ചറിവിലേക്ക് വലിയൊരു വിഭാഗം കായിക പ്രേമികൾ എത്തുന്ന ഒരു ലോകകപ്പ് കൂടിയാണിത്. ജനങ്ങളുടെ മനസ്സിൽ രൂപം കൊള്ളുന്ന ഈ രാഷ്ട്രീയ ബോധ്യത്തെ സർക്കാരുകളും ഭയപ്പെടുന്നു. അതുകൊണ്ടാണ് ഈ ഒരു വിഷയത്തെ ഇസ്ലാമോഫോബിക് ദിശയിലേക്കും സ്വത്വ രാഷ്ട്രീയ വിഷയത്തിലേക്കും വഴിതിരിച്ചുവിടുവാൻ ബോധപൂർവ്വം അവർ ശ്രമിക്കുന്നത്.
പൗരന്മാർ അല്ലാത്തവർക്ക് മേലുള്ളസമ്പൂർണ്ണ രാജവാഴ്ചയുള്ള ഖത്തർ ഒരു ഏകാധിപത്യ രാഷ്ട്രമാണ്. രാഷ്ട്രീയ പാർട്ടികളോ ട്രേഡ് യൂണിയനുകളോ അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യമോ ഒന്നും നിലനിൽപ്പില്ലാത്ത രാജ്യം. 22 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഈ രാജ്യത്ത് 3.3 ലക്ഷം ആളുകൾക്ക് മാത്രമേ പൗരത്വമുള്ളൂ. ഇവരിൽ 77,000 ഓളം പേർ മാത്രമാണ് മെച്ചമുള്ള ശമ്പളത്തിൽ സർക്കാർ മേഖലയിൽജോലി ചെയ്യുന്നത്. മിച്ചം 88 ശതമാനം പേരും വിദേശികളാണ്. ഇവരിൽ യൂറോപ്യൻമാരും മറ്റു അറബ് രാജ്യങ്ങളിലെയും ഒരു ചെറു ന്യൂനപക്ഷം പ്രൊഫഷണലുകളും തരക്കേടില്ലാത്ത ശമ്പളം വാങ്ങുന്നു. മിച്ചം ഉള്ള ഭൂരിഭാഗം ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ഉള്ളവരാണ്. ഇവർ കഠിനമായ കായികാധ്വാനം ആവശ്യമായ ജോലികളിൽ ഏർപ്പെടുകയും നിഷ്ഠൂരമായി ചൂഷണം ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്.1.7ലക്ഷം സ്ത്രീകൾ വീട്ടുജോലികളിൽ വേലക്കാരായും ജോലി ചെയുന്നു. ലൈംഗിക ചൂഷണം ഉൾപ്പെടെ നിലനിൽക്കുന്നു.
ഖത്തർ സർക്കാർ തങ്ങൾ കൊണ്ടുവന്ന 2020 ലെ തൊഴിൽ പരിഷ്കാരത്തെപ്പറ്റി യാതൊരു ലജ്ജയും ഇല്ലാതെ അവകാശവാദങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഇതിനെല്ലാം മറുപടി പറയുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, വളരെ ഉയർന്ന ജീവിത ചിലവുള്ള രാജ്യം, കേവലം ആയിരം റിയാലാണ് മിനിമം വേതനമായി കടലാസിൽ എങ്കിലും ഉറപ്പുവരുത്തിയിട്ടുള്ളത്
(230Euro, 23, 000രൂപ).Der Spiegel എന്ന ന്യൂസ്പേപ്പറിനോട് ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥിരീകരിച്ച കാര്യമാണ്, വേതനം തടഞ്ഞു വെക്കൽ, വേതനം നൽകാതിരിക്കൽ, പാസ്പോർട്ട് പിടിച്ചുവെക്കൽ തുടങ്ങിയ നെറികേടുകൾ എല്ലാം ഇപ്പോഴും അവിടെ നിർബാധം തുടരുന്നു എന്നത്. ഈ വസ്തുത ഖത്തറിൽ നിന്ന് ജർമ്മനിയിലേക്ക് വന്ന തൊഴിലാളികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിൽ നാലര വർഷം സെക്യൂരിറ്റിയായി ജോലി ചെയ്തിട്ടുള്ള കെനിയയിൽ നിന്നുള്ള മാൽക്കം ബിഡാലി യുടെ അനുഭവം പ്രകാരം, ആറ് മുതൽ എട്ട് തൊഴിലാളികൾ വരെയാണ് ഒരു റൂം ഷെയർ ചെയ്തിരുന്നത്. ബിഡാലി ഇതിനെക്കുറിച്ച് ഇന്റർനെറ്റിൽ തുറന്നു പറഞ്ഞപ്പോൾ അദ്ദേഹത്തെ ഒരു മാസം ഏകാന്ത തടങ്കലിൽ വെക്കുകയാണ് ഉണ്ടായത്. ഇത്തരം ലേബർ ക്യാമ്പുകളിൽ നിന്ന് പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ തൊഴിലാളികളെ നടു തെരുവിലേക്ക് ഇറക്കി വിടുന്നതും ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നതായി റോയിറ്റേഴ്സ്, സെൻട്രൽ ദോഹ യിലെ ഉദാഹരണത്തിലൂടെ റിപ്പോർട്ട് ചെയ്യുന്നു. തൊഴിലാളികൾക്ക് മുറി ഒഴിയുവാൻ കേവലം രണ്ടുമണിക്കൂർ മാത്രമാണ് അനുവദിച്ചിട്ടുണ്ടായിരുന്നത്.
യൂറോപ്പിലെ രാഷ്ട്രീയ ഇരട്ടത്താപ്പ്,
ദോഹയിലെ തൊഴിലാളി ചൂഷണം എന്നിവ ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കി. കഴിഞ്ഞവർഷം ജനുവരിയിൽ തന്നെ എഫ്. സി ബയേൺ ക്ലബ്ബിന്റെ ആരാധകർ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വലിയ ബാനർ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഈ ക്ലബ്ബിന്റെ മെയിൻ സ്പോൺസർ ഖത്തർ സർക്കാറാണ്. ക്ലബ്ബ് ചെയർമാൻ ഒലിവർക്കാനും പ്രസിഡന്റ് ഹെർബർട്ട് ഹെയ്നറും ചേർന്ന് ചോരപുരണ്ട ഒരു ടീഷർട്ട് വാഷിംഗ് മെഷീനിൽ ഇടുന്നത് ആയിട്ടുള്ള ചിത്രമായിരുന്നു ബാനർ. അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു' പണത്തിനു വേണ്ടി ഞങ്ങൾ എന്തും വെളുപ്പിച്ചു വൃത്തിയാക്കും'.
ക്ലബ്ബിന്റെ ഓണററി പ്രസിഡന്റ് ഉലി ഹോൺസ് ( നികുതി വെട്ടിപ്പിന് ജയിലിൽ കിടന്നിട്ടുള്ള) നോട് ക്ലബ്ബിന്റെ വാർഷിക മീറ്റിംഗിൽ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ, ഈ വേദി ആംനെസ്റ്റി ഇന്റർനാഷണൽന്റെ ജനറൽ അസംബ്ലി അല്ല എന്നുള്ള ക്ഷുഭിത മറുപടിയാണ് ലഭിച്ചത്.
ജർമ്മനിയിലെയും ഫ്രാൻസിലെയും പല പട്ടണങ്ങളിലും ലോകകപ്പിന്റെ പൊതുപ്രദർശനം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ യൂറോപ്യൻ രാഷ്ട്രീയക്കാരുടെ നിലപാടുകൾ അങ്ങേയറ്റം ഇരട്ടത്താപ്പ് നിറഞ്ഞതാണ്. അഭയാർത്ഥികളായ കുടിയേറ്റക്കാരെ നടുക്കടലിൽ മുങ്ങി ചാകുവാൻ ഉള്ള സാഹചര്യം ഒരുക്കിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർക്ക് ഖത്തറിലെ ചൂഷണത്തെപ്പറ്റി പറയുവാനുള്ള അവകാശമില്ല.
എല്ലാത്തിലും ഉപരിയായി ഇതിൽ ദശ കോടികളുടെ താല്പര്യങ്ങളും ചേർന്നിരിക്കുന്നു.
നൂറുകോടി യൂറോ വേൾഡ് കപ്പ് സ്പോൺസർഷിപ്പിലൂടെ നേടുന്ന ഫിഫ മാത്രമല്ല ഉപഭോക്താക്കൾ. യൂറോപ്പിലെ ജർമ്മനി ഉൾപ്പെടുന്ന രാജ്യങ്ങളിലെ കമ്പനികൾ ധാരാളം പണം ഖത്തറിൽ നിന്ന് കൊയ്യുന്നുണ്ട്. ഖത്തർ രാജാവിന്റെ ഇൻവെസ്റ്റ്മെന്റ് ഫണ്ട് യൂറോപ്പിലെ വളരെ വലിയ നിക്ഷേപങ്ങളുടെ കൂട്ടത്തിലാണുള്ളത്. ബ്രിട്ടൺ അമേരിക്ക ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നിക്ഷേപവും എല്ലാം 350ബില്യൺ യൂറോയോളം വരും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും Barclays, Crédit Suisse banks, Volkswagen, Deutsche Bank, Hapag-Lloyd, and energy corporation RWE എല്ലാം ഖത്തർ രാജാവിന്റെ നിക്ഷേപം ഉണ്ട്. യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ മാത്രം 2ബില്യൺ യൂറോ കഴിഞ്ഞ 10 വർഷം കൊണ്ട് നിക്ഷേപം ഉണ്ടായി.
യൂറോപ്പിലെ Deutsche Bahn, Siemens, സോഫ്റ്റ്വെയർ കമ്പനി SAP, കൺസ്ട്രക്ഷൻ കമ്പനികൾ എന്നിവർ വലിയ തോതിൽ ഖത്തറിൽ പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടത്തുകയും ഈ ചൂഷണത്തിന്റെ പങ്ക് പറ്റുന്നവരും ആണ്. രാഷ്ട്രീയ താൽപര്യം മുൻനിർത്തി ചൈനയെയും റഷ്യയും ' മനുഷ്യാവകാശത്തിന്റെ പേരിൽ' ബഹിഷ്കരിക്കാനും ഉപരോധിക്കാനും ആഹ്വാനം ചെയ്യുന്ന പാശ്ചാത്യ സാമ്രാജ്യത്ത രാജ്യങ്ങൾ പക്ഷേ ഖത്തറിലെ മാനുഷ്യാവകാശത്തിനു പുല്ലിന്റെ വില പോലും കൽപ്പിക്കുന്നില്ല. ഖത്തറിന്റെ കാര്യത്തിൽ അവർക്ക് വേറെ അളവുകോൽ ആണ്. ജർമൻ ഭരണവർഗ്ഗം മുൻ ചാൻസിലർ ആംഗേല മെർക്കൽ മുതൽ നിലവിലെ എസ്. പി. ഡി മന്ത്രിമാർ വരെ എമറേറ്റുമായി തന്ത്ര പ്രധാന പങ്കാളിത്തം പങ്കിടുന്നവരാണ്.
